ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കൊലക്കേസിലെ പ്രതി അർജുനെ നാട്ടുകാർ കൈകാര്യം ചെയ്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തിയ സമയത്തായിരുന്നു നാടകീയ സംഭവങ്ങൾ. വൻ പ്രതിഷേധമാണ് പ്രതിക്ക് നെരെ ഉണ്ടായത്. നാട്ടുകാരിൽ ഒരാൾ അർജുന്റെ മുഖത്തടിക്കുകയും, കത്തിക്ക് വെട്ടാൻ ശ്രമിക്കുകയും ചെയ്തു.
പ്രദേശത്ത് രാവിലെ മുതൽ സ്ത്രീകളും വൃദ്ധരും അടങ്ങുന്ന സംഘം തടിച്ച് കൂടിയിരുന്നു. പ്രതിയെ സ്ഥലത്ത് എത്തിച്ചപ്പോൾ ആക്രോശത്തോടെ ഇവർ പാഞ്ഞടുക്കുകയായിരുന്നു.
വളരെ പണിപ്പെട്ടാണ് പ്രതിയെ കൊല നടന്ന ലയത്തിനകത്ത് കയറ്റാൻ പൊലീസിനായത്. തുടർന്ന് ഡമ്മി ഉപയോഗിച്ച് കുട്ടിയെ കെട്ടിത്തൂക്കിയതും, ജനലിലൂടെ പ്രതി രക്ഷപ്പെട്ടതുമെല്ലാം പൊലീസ് പുനരാവിഷ്കരിച്ചു.
ചൊവ്വാഴ്ചയാണ് അർജുന്റെ കസ്റ്റഡി കാലാവധി തീരുന്നത്. അതുവരെ സ്റ്റേഷനിൽ ചോദ്യം ചെയ്യൽ തുടരും. മറ്റേതെങ്കിലും പെൺകുട്ടിയെ പ്രതി ഇതുപോലെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്.
പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലം കേസിൽ നിർണ്ണായകമായേക്കും. ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണ് ഇയാൾ. ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതു പ്രവർത്തകനാണ് പ്രതി.
Discussion about this post