കൊച്ചി: അഭയകേസിലെ പ്രതികള്‍ക്കു പരോള്‍ അനുവദിച്ചതിനെതിരായ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതി നോട്ടിസ്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രനും സിയാദ് റഹ്മാന് എഎയും ഉള്‍പ്പെട്ട ഡിവിഷന് ബഞ്ചിന്റെ നടപടി.
ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കപ്പെട്ട ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് മേയിലാണ് 90 ദിവസത്തെ പരോള്‍ അനുവദിച്ചത്. പരോള്‍ അനുവദിച്ചത് ഉന്നതാധികാര സമിതിയാണെന്ന വിശദീകരണം കളവാണെന്നും പ്രതികള്‍ക്കു സി.ബി.ഐ കോടതി ശിക്ഷ വിധിച്ച് അഞ്ച് മാസം തികയുന്നതിനു മുന്‍പ് നിയമ വിരുദ്ധമായി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചെന്നുമാണ് ഹര്‍ജിയിലെ ആരോപണം.
സിസ്റ്റര്‍ അഭയ വധക്കേസില്‍, ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും 2020 ഡിസംബര്‍ 23നാണ് പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവ് ഉള്‍പ്പെടെയുള്ള ശിക്ഷ വിധിച്ചത്. എന്നാല്‍ മേയ് 11, 12 തിയതികളിലായി ഇവരെ പരോളില്‍ വിടുകയായിരുന്നു. കോവിഡ് സാഹചര്യത്തില്‍ ജയിലുകളിലെ ബാഹുല്യം കുറയ്ക്കുന്നത് സംബന്ധിച്ച് സുപ്രിം കോടതി നിയോഗിച്ച ജയില്‍ ഉന്നതാധികാര സമിതിയുടെ ശിപാര്‍ശകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.
അതേസമയം, ഇതേ പ്രായപരിധിയിലുള്ള എല്ലാവരെയും പരോളില്‍ വിട്ടതായാണു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
Discussion about this post