ശ്രീനഗര്‍: ജമ്മുവില്‍ പട്ടാള ക്യാമ്പിന് സമീപം സംശയാസ്പദമായ നിലയില്‍ ബാഗ് കണ്ടെത്തി. തുടര്‍ന്ന് ജമ്മു- പൂഞ്ച് ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു. ഭീംബര്‍ ഗാലി പ്രദേശത്തെ ക്യാമ്പിന് സമീപത്താണ് ബാഗ് കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. ബാഗിനുള്ളില്‍ സ്ഫോടക വസ്തുക്കളോ ആയുധങ്ങളോ ഉണ്ടെന്ന് വ്യക്തമല്ല. പരിശോധന നടക്കുന്നു എന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്.
കാശ്മീരിലെ സാംബ, ജമ്മു എന്നിവിടങ്ങളില്‍ വീണ്ടും ഡ്രോണുകളെ കണ്ടെത്തി മണിക്കൂറുകള്‍ക്കകമാണ് ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെടുക്കുന്നത്. അതിനാല്‍ സൈന്യം സംഭവം അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.
ബുധനാഴ്ചയും വ്യാഴാഴ്ചയും ജമ്മുവില്‍ ഡ്രോണ്‍ കണ്ടു എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞമാസം ജമ്മുവിമാനത്താവളത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയശേഷം നിരവധി തവണ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളെ കണ്ടെത്തിയിരുന്നു. പാകിസ്ഥാനാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.
അതേസമയം ആക്രമണ ഭീതി ഏറിയതോടെ സൈന്യം കടുത്ത ജാഗ്രതയിലാണ്. കാശ്മീരില്‍ പലയിടത്തും ഡ്രോണുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും നിരോധിച്ചിരിക്കുകയാണ്.
Discussion about this post