കാലിഫോര്‍ണിയ: ചൊവ്വയില്‍ ജല സാന്നിദ്ധ്യം ഉണ്ടെന്ന് നാസ പ്രഖ്യാപിച്ചതിന് പിന്നാലെ ആദരവുമായി ഗൂഗ്ളിന്‍െറ ഡൂഡ്ല്. ചുവന്ന ഗ്രഹമായ ചൊവ്വയും മറ്റ് നക്ഷത്രങ്ങളും നീലാകാശത്തിന്‍െറ പശ്ചാത്തലത്തിലാണ് ഡൂഡ് ലില്‍ കാണിക്കുന്നത്.
ഡൂഡ് ലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചൊവ്വയിലെ ജലസാന്നിദ്ധ്യം സംബന്ധിച്ച വാര്‍ത്തയും ലേഖനങ്ങളും ചൊവ്വയെ പറ്റിയുള്ള വിവരങ്ങളുമാണ് സെര്‍ച്ച് പേജില്‍ കാണാനാകുന്നത്.
കറങ്ങുന്ന ഗ്രഹം ഒരു ഗ്ലാസില്‍ നിന്ന് സ്ട്രോ ഉപയോഗിച്ച് വെള്ളം കുടിച്ച് വറ്റിക്കുന്നത് ചൊവ്വയില്‍ ജലത്തിന്‍െറ സാന്നിദ്ധ്യം കണ്ടെത്തി എന്നതിനെ പ്രതിനിധീകരിക്കുന്നു. വെള്ളം തീരുമ്പോള്‍ ഗ്രഹം പൂര്‍വസ്ഥിതിയിലേക്ക് പോകുന്നു. ഇത് തുടരുന്നതാണ് ഗൂഗ്ള്‍ ഹോംപേജില്‍ കാണിക്കുന്നത്.
ഇന്നലെയാണ് ചൊവ്വയില്‍ ജലസാന്നിദ്ധ്യമുണ്ടെന്ന് നാസ സ്ഥിരീകരിച്ചത് . ലവണാംശമുള്ള ജലം ചൊവ്വയില്‍ ഒഴുകുന്നതിന് തെളിവുണ്ടെന്നും നാസ അറിയിച്ചു. ഇതോടെ അവിടെ ജീവനുണ്ടാകാനുള്ള സാധ്യത തള്ളാനാവില്ലെന്നാണ് നാസയുടെ നിലപാട്.ചൊവ്വയുടെ പ്രതലത്തില്‍ ലവണാംശമുള്ള വെള്ളം ഇടയ്ക്കിടെ ഒഴുകുന്നതിന് തെളിവുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍. ചൊവ്വയില്‍ ഉപ്പ് നിറഞ്ഞ കുന്നുകളുണ്ടെന്ന് നാസയുടെ ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഈ തണുത്തുറഞ്ഞ ഉപ്പുമലകള്‍ക്ക് ഖരാവസ്ഥ നഷ്ടപ്പെടുകയോ ബാഷ്പീകരിക്കപ്പെടുകയോ ചെയ്യുന്ന സമയത്താകാം വെള്ളമൊഴുകുന്ന അവസ്ഥയുണ്ടാകുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
Discussion about this post