ഡല്‍ഹി: കൂടുതല്‍ സ്ത്രീകളും, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തില്‍ നിന്നുളള അംഗങ്ങളും മന്ത്രിമാരാകുന്നത് ചിലര്‍ക്ക് ദഹിക്കുന്നില്ലെന്ന് തോന്നുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതില്‍ എല്ലാവര്ക്കും അഭിമാനം ഉണ്ടാകണം. സത്യപ്രതിജ്ഞ ചെയ്തവരില്‍ ചിലര്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നുളളവരും കര്‍ഷകരുടെ മക്കളുമാണെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു.
വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ലോക്സഭ പ്രതിപക്ഷ ബഹളത്തിന് സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി നിയമിതരായ കേന്ദ്രമന്ത്രിമാരെ സഭയില്‍ പരിചയപ്പെടുത്തുന്നത് പ്രതിപക്ഷ എം.പിമാര്‍ തടസപ്പെടുത്തി. നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം ചേര്‍ന്ന സഭയില്‍ മഡില ഗുരുമൂര്‍ത്തി (വെെ.എസ്.ആര് കോണ്‍ഗ്രസ്), മംഗല്‍ സുരേഷ് അങ്കടി (ബി.ജെ.പി), എം.പി. അബ്ദുസ്സമദ് സമദാനി (ഐ.യു.എം.എല്‍), വിജയകുമാര്‍ (കോണ്‍ഗ്രസ്) എന്നീ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.
പിന്നാലെ ജൂലൈ ഏഴിന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരെ പരിചയപ്പെടുത്താന്‍ പ്രധാനമന്ത്രി എഴുന്നേറ്റു. എന്നാല്‍ താമസിയാതെ പ്രതിപക്ഷ എം.പിമാര്‍ മുദ്രാവാക്യം വിളിക്കുകയും നടപടികള്‍ തടസപ്പെടുത്തുകയും ആയിരുന്നു. കൂടുതല്‍ സ്ത്രീകളും, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തില്‍ നിന്നുളള അംഗങ്ങളും മന്ത്രിമാരാകുന്നത് ചിലര്‍ക്ക് ദഹിക്കുന്നില്ലെന്ന് തോന്നുന്നതായി പ്രധാനമന്ത്രി പ്രതികരിച്ചു.
സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള, ഗ്രാമീണ ഇന്ത്യയില്‍ നിന്നുള്ളവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് അഭിമാനകരമാണ്. എന്നാല്‍ ചില ആളുകള്‍ മന്ത്രിമാരെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. വനിതാ മന്ത്രിമാരെ സഭയില്‍ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ അവര്‍ക്ക് സ്ത്രീവിരുദ്ധ മനോഭാവവുമുണ്ട്. അത്തരമൊരു നിഷേധാത്മക മനോഭാവം പാര്‍ലമെന്റില്‍ കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post