ഡല്‍ഹി: ചൈനയില്‍ ഉപരിപഠനം ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്ത് നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി. ഏകദേശം 23000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മെഡിസിന് ഉള്‍പ്പെടെയുള്ള ഉപരിപഠനത്തിന് ചൈനയില്‍ പഠിക്കുന്നുണ്ട്.
കൊവിഡിനെ തുടര്‍ന്ന് തിരിച്ച് ഇന്ത്യയില്‍ എത്തിയ ഇവര്‍ക്ക് മടങ്ങിപോകാന്‍ ഇതുവരെ സാധിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് പഠനം നടക്കുന്നത്. എന്നാല്‍ ചൈനയിലെ മിക്ക സര്‍വകലാശാലകളും വീ ചാറ്റ്, ഡിംഗ്ടാക്ക്, സൂപ്പര്‍സ്റ്റാര്‍ മുതലായ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള അപ്പുകള്‍ വഴിയാണ് ഓണ്‍ലൈന്‍ പഠനം നടത്തുന്നത്. വീഡിയോ കാളിനു ഇന്ത്യയില്‍ ലഭിക്കാത്ത ടെന്‍സെന്റ് എന്ന അപ്ലിക്കേഷനാണ് ചൈനീസ് സര്‍വകലാശാലകള്‍ ഉപയോഗിക്കുന്നത്. ഇതു കാരണം ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പഠനം തുടരണമെങ്കില്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക തന്നെ വേണമെന്ന് സര്‍വകലാശാലകള്‍ നിര്‍ബന്ധിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.
താത്കാലിക ആശ്വാസം എന്ന രീതിയില്‍ വി പി എന്‍ പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തങ്ങളുടെ പഠനം തുടരുന്നത്.
Discussion about this post