കാക്കനാട്: തൃക്കാക്കരയില്‍ തെരുവുനായ്ക്കളെ കൂട്ടമായി കൊലപ്പെടുത്തി. സംഭവത്തില്‍ മൂന്ന് തമിഴ്നാട് സ്വദേശികള്‍ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം മറ്റു നടപടികള്‍ സ്വീകരിക്കും.
തെരുവുനായ്ക്കളെ പിടികൂടാന്‍ നിര്‍ദേശം നല്കിയ ഉദ്യോഗസ്ഥരെക്കുറിച്ചും കൗണ്സിലര്മാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇവരില്‍നിന്നും ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഫോണ്‍ വഴി ഇവരെ ബന്ധപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തും.
പിടികൂടിയ നായ്ക്കളെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ച വാഹനം കഴിഞ്ഞ ദിവസം പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഡ്രൈവറില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ചാണ് ഒളിവില്‍ പോയ പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരാണ് നായ്ക്കളെ കുരുക്കിട്ട് പിടിച്ച് വിഷം കുത്തിവച്ച് കൊന്നത്. നായ്ക്കളെ കുഴിച്ചിട്ടത് നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ്.
പരാതിയെ തുടര്‍ന്ന് പോലീസ് കേസായപ്പോള്‍ നായ്ക്കളുടെ കുഴിച്ചിട്ട ജഡങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് 30 ജഡങ്ങളാണ് പുറത്തെടുത്തത്. നായ്ക്കള്‍ ചത്തതിന്റെ വിശദമായ വിവരങ്ങള്‍ അറിയാന്‍ ആന്തരാവയവങ്ങള്‍ പരിശോധനക്കായി കാക്കനാട് കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഫലം വന്നതിനു ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് പോലീസ് നീങ്ങുക.
Discussion about this post