ഓണ്‍ലൈന്‍ ഗെയിമില്‍ നാല്‍പ്പതിനായിരം രൂപ നഷ്ടപ്പെടുത്തിയതിന് അമ്മ വഴക്കു പറഞ്ഞതിനു പിന്നാലെ പതിമൂന്നുകാരന്‍ തൂങ്ങിമരിച്ചു. മധ്യപ്രദേശിലെ ഛതാര്‍പുര്‍ ജില്ലയിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്, ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ജീവനൊടുക്കിയത്.
ആത്മഹത്യാ കുറിപ്പില്‍ കുട്ടി അമ്മയോട് മാപ്പു പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ അക്കൗണ്ടില്‍നിന്ന് നാല്‍പ്പതിനായിരം രൂപ ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടപ്പെടുത്തിയതായും ഇതില്‍ വിഷമമുണ്ടെന്നും കത്തില്‍ പറയുന്നു.
പാതോളജി ലാബിലാണ് കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്നത്. അമ്മ നഴ്‌സ് ആണ്. ഇരുവരും വീട്ടില്‍ ഇല്ലാത്ത സമയത്താണ് സംഭവം. ആശുപത്രിയില്‍ ആയിരുന്ന അമ്മയുടെ ഫോണിലേക്ക് 40,000 രൂപ പിന്‍വലിച്ചതായ മെസേജ് വന്നു. തുടര്‍ന്ന് അമ്മ കുട്ടിയെ വിളിച്ച് വഴക്കുപറഞ്ഞിരുന്നു. ഇതിനു പിന്നാലെ കുട്ടി മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു. സഹോദരി വന്നു വിളിച്ചിട്ടും കതകു തുറക്കാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. ഫ്രീ ഫയര്‍ ഗെയിം ആണ് കുട്ടി കളിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Discussion about this post