കാബൂള്‍: കാണ്ഡഹാറിലെ വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രണം. താലിബാനാണ് ആക്രമണം നടത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. മൂന്ന് റോക്കറ്റുകളാണ് വിമാനത്താവളത്തില്‍ പതിച്ചത്. രണ്ടണ്ണം റണ്‍വെയില്‍ വീണു. ഇതേ തുടര്‍ന്ന് റണ്‍വെ തകരാറിലായി. വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. റണ്‍വെ ശരിയാക്കിയ ശേഷമേ സര്‍വീസ് പുനരാരംഭിക്കൂ എന്ന് സര്‍ക്കാര്‍ അറിയിച്ചു.
അമേരിക്കന്‍ സൈന്യം രാജ്യം വിടുന്ന സാഹചര്യത്തില്‍ അഫ്ഗാന്റെ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് താലിബാന്. രാജ്യത്തിന്റെ പല മേഖലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ഇവര്‍ ആക്രമണം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അഫ്ഗാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഈ മേഖലയുടെ നിയന്ത്രണം പിടിക്കുകയാണ് താലിബാന്റെ ലക്ഷ്യം. അങ്ങനെ സംഭവിച്ചാല്‍ തങ്ങളുടെ യാത്രയും ചരക്ക് ഗതാഗതവും എളുപ്പമാകുമെന്ന് താലിബാന് പ്രതീക്ഷ. ഹിറാത്ത്, ലഷ്കര്‍ ഗാഹ് എന്നീ പ്രവിശ്യാ തലസ്ഥാനങ്ങള്‍ താലിബാന് നിയന്ത്രണത്തിലാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ പല അതിര്‍ത്തികളുടെയും നിയന്ത്രണം ഇപ്പോള്‍ താലബാനാണ്. താജിക്കിസ്താന്‍, ഇറാന്, പാകിസ്ഥാന് എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ താലിബാന് പിടിച്ചു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഗ്രാമീണ മേഖലയിലെ മിക്ക പ്രദേശങ്ങളും താലിബാന് നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. അതിര്‍ത്തി മേഖലകളില്‍ വിന്യസിച്ചിരുന്ന അഫ്ഗാന് സൈനികര്‍ താലിബാനൊപ്പം ചേര്‍ന്നു എന്നാണ് വാര്‍ത്തകള്‍.
Discussion about this post