പാലക്കാട്: ബ്ലേഡ് മാഫിയയ്ക്കെതിരെ ജില്ലയില്‍ വ്യാപക റെയ്ഡ്. അനധികൃതമായി പണം പലിശക്ക് കൊടുക്കുന്നവരുടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച റെയ്ഡില്‍ നാലുപേര്‍ അറസ്റ്റിലായി. എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പാലക്കാട് കൊടുമ്പ് തിരുവാലത്തൂര് പ്രേമ നിവാസില്‍ ഷിജു (38), എലപ്പുള്ളി പള്ളത്തേരി ഒതുവക്കോട് ഭരതരാജന് (45), വാളയാര്‍ അട്ടപ്പള്ളം സുധീഷ് (35), മേലേപട്ടാമ്പി ഊരാട്ടുതൊടി ഷഫീര്‍, മേലേപട്ടാമ്പി കൊപ്പത്ത് പാറമ്മല്‍ ഹംസ (59), ഇളവമ്പാടം പാറക്കല്‍ പ്രഭാകരന് (60), കിഴക്കഞ്ചേരി വീട്ടമൂലങ്കോട് മണ്ണൂര്‍ കണ്ണന് (42), വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം ചീറുമ്പുക്കാവ് ഷിബു (40) എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ ഷിജു, ഷഫീര്‍, ഹംസ, കണ്ണന് എന്നിവരെ അറസ്റ്റ് ചെയ്തു.
റെയ്ഡില്‍ 1,18,000 രൂപ കണ്ടെടുത്തു. സ്റ്റാമ്പ്പേപ്പര്‍, ബ്ലാങ്ക് ചെക്ക്, ആധാരം, വാഹനങ്ങളുടെ രേഖകള്‍, പ്രോമിസറി നോട്ടുകള്‍ എന്നിവയും നാല് ബൈക്കുകളും പിടിച്ചെടുത്തു.
ഷിജുവിന്റെ വീട്ടില്‍ നിന്ന് പണയമായി സ്വീകരിച്ച വാഹനങ്ങളുടെ രേഖകളും ആധാരങ്ങളും പിടിച്ചെടുത്തു. പാലക്കാട് സൗത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അഞ്ച് ഡിവൈ.എസ്.പിമാരും 33 സി.ഐമാരും 60 എസ്.ഐമാരും 300ഓളം പൊലീസുകാരും റെയ്ഡില്‍ പങ്കെടുത്തു.
ജില്ലയില്‍ വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post