തിരുവനന്തപുരം: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിഴ ചുമത്തി തിരുവനന്തപുരം റൂറല്‍ പോലീസ് ട്രാഫിക് വിഭാഗം. വാഹന ഉടമയായ റമനിഷ് പൊറ്റശേരിയുടെ പേരില്‍ നെടുമങ്ങാട് രജിസ്റ്റേഷനുള്ള പഴയ മോഡല്‍ ഐ20 കാറിനാണ് 500 രൂപ പിഴയിട്ടു കൊണ്ടുള്ള ചലാന്‍ നോട്ടീസ് ലഭിച്ചത്. കാറില്‍ ഹെല്‍മറ്റ് ധരിച്ചില്ല എന്ന വിചിത്രമായ കാരണം കാണിച്ചാണ് 500 രൂപ പിഴയായി അടക്കാന്‍ മൊബൈല്‍ ഫോണില്‍ സന്ദേശം എത്തിയത്.
തുടര്‍ന്ന് ട്രാഫിക് പോലീസില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനോട് സംഭവവുമായി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് 500 രൂപ പിഴയടക്കാന്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
അതേസമയം, ദിവസങ്ങളായി തന്റെ കാര്‍ മലപ്പുറം കാവനൂരിലെ വീടിന്റെ മുറ്റത്തെ കിടക്കുകയാണെന്നും നിരത്തിലേക്ക് ഇറക്കിയിട്ടില്ലെന്നുമാണ് ഉടമസ്ഥനായ റമനിഷിന്റെ പ്രതികരണം. പെരിന്തല്‍മണ്ണയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന റമനീഷ് താന്‍ ഈ ദിവസങ്ങളില്‍ ബൈക്കിലാണ് യാത്ര ചെയ്തതെന്നും വ്യക്തമാക്കുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്കാന് ഒരുങ്ങുകയാണ് റമനീഷ്.
Discussion about this post