പട്ന: ബിഹാറിലെ വൈശാലിയില്‍ ഗംഗാനദിയില്‍ 150 ഓളം പേരുമായി പോയ ബോട്ട് ഹൈ ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. 20ഓളം പേരെ കാണാതായതായാണ് വിവരം.
പട്നയിലെ ഗ്രാമീണ മേഖലയായ ഫതുഹയിലെ കച്ചി ദര്‍ഗ ഘട്ടില്‍നിന്ന് വൈശാലിയിലെ രഘോപൂരിലേക്ക് ശനിയാഴ്ച രാത്രി എട്ടുമണിയോടെ ബോട്ട് പുറപ്പെടുകയായിരുന്നു. യാത്ര തുടങ്ങി അരമണിക്കൂറിനകം ആയിരുന്നു അപകടം.
ദിവസവേതനക്കാരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. രാവിലെ മൊകാമയിലും പട്നയിലുമെത്തി തൊഴിലെടുത്തശേഷം വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.
നദിയുടെ മധ്യത്തിലെത്തിയപ്പോള് ബോട്ട് ഹൈ ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 35-ല്‍ അധികം പേര്‍ക്ക് പൊള്ളലേറ്റു. നിരവധി പേര് നദിയില്‍ വീഴുകയും ചെയ്തു. എത്രപേരെയാണ് നദിയില്‍ കാണാതായതെന്ന വിവരം വ്യക്തമല്ല.
അപകടം നടന്നതോടെ വൈശാലിയില്‍ നിന്നും പട്നയില്‍ നിന്നും അധികൃതര്‍ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Discussion about this post