ലഖ്നൗ: ക്രമസമാധാന പാലനത്തിന്റെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് മാതൃകാ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ ഭരണകാലത്ത് സംസ്ഥാനത്ത് നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം വന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമ്പദ് വ്യവസ്ഥയില്‍ രാജ്യത്ത് ആറാമതായിരുന്ന ഉത്തര്‍പ്രദേശ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണുള്ളത്. കലാപത്തിന്റെയും അരാജകത്വത്തിന്റെയും ഭൂമിയെന്ന ആക്ഷേപം നിലവില്‍ ഉത്തര്‍പ്രദേശിന് ഇല്ല. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൗരന്മാര്ക്ക് സുരക്ഷിതത്വ ബോധം ഉറപ്പാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനത്ത് നിക്ഷേപത്തിന്റെ പുതുയുഗമാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ‘ബിമാരു’ സംസ്ഥാനമെന്ന വിളിപ്പേരില്‍ നിന്ന് ഉത്തര്‍പ്രദേശിന് മോചനം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിനെയും അദ്ദേഹം പ്രശംസിച്ചു. പുതിയ ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചത് മോദി സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post