കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മുന്നിലുണ്ടായ തുടര്‍ ചാവേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. 143 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 13 യു എസ് സൈനികരും ഉള്‍പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ 18 യു എസ് സൈനികരും ഉണ്ട്.
അതേസമയം സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. കൊല്ലപ്പെട്ടവരില്‍ താലിബാന്‍കാരുമുണ്ടെന്നാണ് അറിയുന്നത്. ചാവേര്‍ ആക്രമണമാണ് കാബൂള്‍ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നില്‍ നടന്നത്. ഇവിടെയാണ് കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരണ്‍ ഹോട്ടലിന് മുന്നില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റെന്നാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം വിമാനത്താവളത്തിന് പുറത്ത് രണ്ട് സ്ഫോടനങ്ങളും വെടിവെപ്പുകളും ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വിമാനത്താവളത്തിരികിലുള്ള ഒരു കനാലിന് ചുറ്റും ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നത് അഫ്ഗാന് മാധ്യമപ്രവര്‍ത്തകര്‍ ചിത്രീകരിച്ച വിഡിയോയില്‍ കാണാം.
മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെട്ടിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നിലും സുരക്ഷ ശക്തമാക്കിയിരുന്നു.
Discussion about this post