തിരുവല്ല: ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ കയറി ഫോട്ടോ ഷൂട്ട് നടത്തിയ മോഡലിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. മോഡലും നവമാധ്യമ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ലിജോക്കെതിരെയാണ് കേസ്. പള്ളിയോട സംഘം പ്രതിനിധിയും പുതുക്കുളങ്ങര എന്‍.എസ്.എസ് കരയോഗം ഭാരവാഹിയുമായ സുരേഷ് കുമാര്‍ നല്കിയ പരാതിയിലാണ് കേസ്.
സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്ന വിശ്വാസത്തെ അവഗണിച്ച നിമിഷ പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറിയത് വിശ്വാസത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും വിശ്വാസത്തെ വ്രണപ്പെടുത്തിയ നിമിഷയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
നിമിഷയെ കൂടാതെ പള്ളിയോടത്തില്‍ കയറാന്‍ സഹായിച്ച പുലിയൂര് സ്വദേശി ഉണ്ണിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിമിഷയോട് അടുത്ത ദിവസം തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായി ഡിവൈ.എസ്.പി പറഞ്ഞു.
Discussion about this post