കാബൂള്‍: അഫ്ഗാനിലെ ഇടക്കാല സര്‍ക്കാരിന്റെ നേതാവായി താലിബാന് പ്രഖ്യാപിച്ച മുല്ല മുഹമ്മദ് ഹസ്സന് അഖുന്ദ് യു.എന്‍ ഭീകരപ്പട്ടികയിലുളള പ്രധാനി. സംഘടനയിലെ ചില ഉന്നത നേതാക്കള്‍ക്ക് പ്രധാന സ്ഥാനങ്ങളും നല്കി. താലിബാന് സഹസ്ഥാപകന്‍ അബ്ദുള്‍ ഗനി ബരാദര്‍ ഉപനേതാവാകുമെന്നും സംഘടനയുടെ മുഖ്യ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.
താലിബാന് സ്ഥാപകനും അന്തരിച്ച പരമോന്നത നേതാവുമായ മുല്ല ഒമറിന്റെ മകന് മുല്ല യാക്കൂബിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചു. അതേസമയം ആഭ്യന്തര മന്ത്രി സ്ഥാനം സിറാജുദ്ദീന് ഹഖാനിക്ക് നല്കി. താലിബാനുള്ളിലെ തന്നെ ഏറ്റവും തീവ്രനിലപാടുതകാരായ ഹഖാനി നെറ്റ്വര്‍ക്കിന്റെ നേതാവാണ് സിറാജുദ്ദീന് ഹഖാനി. അമീര്‍ ഖാന് മുതാഖിക്കാണ് വിദേശകാര്യം. ഷേര്‍ അബ്ബാസ് വിദേശകാര്യ സഹമന്ത്രിയാകും. നിയമ വകുപ്പ് അബ്ദുള്‍ ഹക്കീമിനാണ്.
അഫ്ഗാനിസ്ഥാനിലെ മുന്‍ താലിബാന് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന വ്യക്തിയാണ് ഇപ്പോള്‍ ഇടക്കാല സര്‍ക്കാരിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുല്ല മുഹമ്മദ് ഹസ്സന് അഖുന്ദ്. സൈനിക നേതാവ് എന്നതിലുപരി മത നേതാവ് എന്ന നിലയിലാണ് ഹസ്സന് അറിയപ്പെടുന്നത്. താലിബാന്റെ മതനേതാവ് ഷെയ്ഖ് ഹിബാതുള്ള അഖുന്‍സാദയുടെ അടുത്തയാളായാണ് ഇയാളെ കണക്കാക്കപ്പെടുന്നത്. പാകിസ്ഥാനില്‍ നിന്നാണ് ഹസ്സന് വിദ്യാഭ്യാസം നേടിയത്.
Discussion about this post