ഡല്‍ഹി: അഫ്ഗാനിസ്ഥാന് മറ്റു രാജ്യങ്ങള്‍ക്കെതിരായ ഭീകരതയുടെ താവളമാകരുതെന്ന് ബ്രിക്സ് ഉച്ചകോടി. അഫ്ഗാനിലെ ഐഎസ് സാന്നിധ്യത്തിലും ലഹരിക്കടത്തിലും 13-മത് ബ്രിക്സ് ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി.
ഭീകരത നേരിടാന്‍ സാങ്കേതിക മേഖലയില്‍ അടക്കം സഹകരണം വേണമെന്നും കോവിഡ് പ്രതിസന്ധിയെ ഒന്നിച്ച് അതിജീവിക്കണമെന്നും ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന ഡല്‍ഹി പ്രഖ്യാപനം ബ്രിക്സ് ഉച്ചകോടി അംഗീകരിച്ചു.
അഫ്ഗാനില്‍ സമാധാനപരമായി സര്‍ക്കാര്‍ രൂപീകരണം നടക്കണമെന്ന് ബ്രിക്സ് നേതാക്കള്‍ ആവശ്യപ്പെട്ടു. അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റം പുതിയ പ്രതിസന്ധിയുണ്ടാക്കിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന് പറഞ്ഞു. യുഎന്‍ അടക്കം രാജ്യാന്തര സംഘടനകളില്‍ പരിഷ്ക്കരണം വേണമെന്ന ഇന്ത്യയുടെ നിലപാടിനെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പിന്തുണച്ചു.
Discussion about this post