ഡല്‍ഹി: ഭീകരവാദത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി അഫ്ഗാനിസ്ഥാന് മാറാന്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണ സംവിധാനം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അഫ്ഗാനിസ്ഥാനിലെ സര്‍ക്കാരില്‍ പ്രാതിനിധ്യമില്ല. ചര്‍ച്ചയിലൂടെയല്ല ഇത് തീരുമാനിച്ചത്. മതമൗലിക വാദമാണ് മേഖല നേരിടുന്ന വലിയ വെല്ലുവിളിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മേഖലയിലെ സുരക്ഷാപ്രശ്നങ്ങളും അശാന്തിയും വെല്ലുവിളിയാണ്. ഇതിനുള്ള പ്രധാന കാരണം വളര്‍ന്നു വരുന്ന മൗലികവാദമാണ്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ ഇത് തെളിയിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉച്ചകോടിയില്‍ അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഇതാദ്യമായാണ് നരേന്ദ്രമോദി നേരിട്ട് അഫ്ഗാനിസ്ഥാനിലെ പുതിയ സംവിധാനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കുന്നത്. മൗലികവാദവും തീവ്രവാദവും മധ്യേഷയ്ക്കുയര്‍ത്തുന്ന ഭീഷണി ഷാങ്ഹായി സഹകണ സംഘടന നേരിടണം എന്ന് രാവിലെ നടന്ന പ്ളീനറി സമ്മേളനത്തിലും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post