ചെന്നൈ: അംഗനവാടിയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 17 കുട്ടികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ തിങ്കളാഴ്ചയാണ് സംഭവം.
പൂതങ്ങാട്ടി ഗ്രാമത്തിലെ അംഗനവാടിയില്‍ ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ ഛര്‍ദ്ദിക്കുകയും ബോധക്ഷയം ഉണ്ടാകുകയായിരുന്നു. ഉടന്‍ തന്നെ കുട്ടികളെ ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.
കുട്ടികള്‍ക്ക് നല്കിയ ഭക്ഷണത്തില്‍ ചത്ത പല്ലിയുണ്ടായിരുന്നുവെന്നും ഇതാണ് ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയതെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
തുടര്‍ന്ന് ജില്ല കലക്ടര്‍ കെ. ബാലസുബ്രമണ്യം ആശുപത്രിയിലെത്തുകയും മാതാപിതാക്കളോട് സംസാരിച്ചു. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും മറ്റു അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കി.
രണ്ടുകുട്ടികള്‍ക്ക് ചികിത്സ തുടരുമെന്നും മറ്റുള്ളവരെല്ലാം അപകട നില തരണം ചെയ്തുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സെപ്റ്റംബര്‍ ഒന്നുമുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെയാണ് സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതി പുനരാരംഭിച്ചത്.
Discussion about this post