ആലുവ: അന്തര്‍ സംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ മറവില്‍ 150 കിലോ കഞ്ചാവ് കൊണ്ടുവന്ന കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. ആലുവ ചൂര്‍ണിക്കര കുന്നത്തേരി ബംഗ്ലപറമ്പില്‍ സലാമാണ് പിടിയിലായത്.
ഇയാള്‍ എക്സൈസ് പ്രത്യേക സംഘത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ 12ന് രാവിലെ സേലം-കന്യാകുമാരി ദേശീയപാതയില്‍ പാലക്കാട് പാലന ആശുപത്രിക്ക് സമീപത്താണ് കഞ്ചാവ് പിടികൂടിയത്.
കൊല്‍ക്കത്തയില്‍നിന്ന് അമ്പതോളം അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി വന്ന റാവൂസ് ട്രാവല്‍സ് ടൂറിസ്റ്റ് ബസിലാണ് കഞ്ചാവ് കടത്തിയത്. 70 പാക്കറ്റിലായി ഒളിപ്പിച്ചുകടത്തിയ 150 കിലോയില്‍ അധികം കഞ്ചാവ് രണ്ട് ആഡംബര കാറുകളില്‍ മാറ്റിക്കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതിനിടെ രഹസ്യവിവരം ലഭിച്ചതനുസരിച്ചെത്തിയ എക്സൈസ് പിടികൂടുകയായിരുന്നു.
വാഹനങ്ങളില്‍ ഉണ്ടായിരുന്ന കഞ്ചാവുകടത്തില്‍ ഉള്‍പ്പെട്ട ആലുവ സ്വദേശികളായ സഞ്ജയ്, നിതീഷ് കുമാര്‍, ഫാരിസ് മാഹിന്‍, അജീഷ്, സുരേന്ദ്രന് എന്നിവരെ അന്നേ ദിവസം പിടികൂടിയിരുന്നു.
Discussion about this post