കാളികാവ്: നവംബറിൽ സ്കൂളുകൾ തുറക്കുമ്പോൾ നവാഗതരായി വിദ്യാലയങ്ങളിൽ എത്തുന്നത് 6,07,702 വിദ്യാർഥികളാണ്. ഈ വർഷത്തെ ഒന്നും രണ്ടും ക്ലാസുകാരെ നവാഗതരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഒരു ദിവസം പോലും വിദ്യാലയങ്ങളിൽ ക്ലാസ് നടന്നിട്ടില്ല. അതിനാൽ രണ്ട് ക്ലാസുകളിലുമായെത്തുന്നവർ നവാഗതരുടെ പട്ടികയിൽപ്പെടും.
കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ചേർന്നത് 3,02,288 ഉം ഈ വർഷം 3,05,414 പേരുമാണ് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയത്. സ്വകാര്യ സ്കൂളുകളിലെ കുട്ടികളെക്കൂടി പരിഗണിക്കുമ്പോൾ നവാഗതരുടെ എണ്ണം ആറര ലക്ഷത്തോളമാകും. രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പുതുതായി പൊതുവിദ്യാലങ്ങളിൽ എത്തുന്നൂവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഈ വർഷം ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ ആകെ 34,10,167 വിദ്യാർഥികളാണുള്ളത്. കഴിഞ്ഞ വർഷം 33,74,328 കുട്ടികളും. ഇത്തവണ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലും കുട്ടികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 28,482 കുട്ടികൾ ഒന്നാം ക്ലാസിൽ അധികമായിചേർന്നു. 20 വർഷത്തിനിടയിലെ ഏറ്റവും കൂടിയ വർധനയാണിത്.
പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വ്യത്യാസം ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാനും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തുടങ്ങുന്നത് 2017-2018 മുതലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങി ആദ്യവർഷത്തിന് ശേഷമാണിത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിനാണ് ഇതിനുള്ള ചുമതല. 2018-19 മുതലാണ് പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കാണിക്കുന്ന ഗ്രാഫ് മുകളിലോട്ട് ഉയരാൻ തുടങ്ങിയത്.
Discussion about this post