തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖ തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നതാണ് പൊതു നിര്‍ദേശമെന്നും വിദ്യാര്‍ത്ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവന്‍സ് നല്‍കും. സ്കൂളിന് മുന്നിലെ ബേക്കറികളും മറ്റും ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. വലിയ സ്കൂളുകള്‍ ഉള്ള സ്ഥലത്ത് കൂടി കെഎസ്ആര്‍ടിസി സര്‍വീസിനെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്- മന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാ ദിവസവും ക്ലാസുകള്‍ അണുവിമുക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് ഓണ്‍ലൈന്‍ ആയി നല്‍കും. സ്കൂളില്‍ അധ്യാപകരുടെ നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബര്‍ ഒന്നാം തിയ്യതി തുറക്കുക.
അതേസമയം കൃത്യമായ മുന്നൊരുക്കങ്ങളോടെ വേണം സ്കൂളുകള്‍ തുറക്കാനെന്നും ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരും നിര്‍ബന്ധമായും വാക്സിന് സ്വീകരിച്ചിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും എല്ലാം വാക്സിനേഷന് എടുത്തിട്ടുണ്ടെന്ന് ഉറപ്പിക്കണം. കുട്ടികള്‍ക്ക് വാക്സിനേഷന് നല്കാന് അനുവാദം ലഭിക്കുന്ന മാത്രയില്‍ വാക്സിനേഷന് ക്യാമ്പുകള്‍ പഠന കേന്ദ്രങ്ങളില്‍ തന്നെ സജ്ജമാക്കാന്‍ സന്നദ്ധരാണെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
ക്ലാസുകള്‍ ക്രമീകരിക്കുമ്പോള്‍ ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമായി സാമൂഹിക അകലം പാലിക്കുന്ന രീതിയിലാകണം ഇരിപ്പിടം ക്രമീകരിക്കേണ്ടത്. ക്ലാസുകള്‍ വിഭജിച്ച് പഠനം നടത്തണം. ഒരു ബാച്ച് കുട്ടികള്‍ ക്ലാസുകളില്‍ ഹാജരായി പഠനം നടത്തുമ്പോള്‍ അതേ ക്ലാസ് മറ്റൊരു ബാച്ചിന് ഓണ്‍ലൈനായും അറ്റന്‍ഡ് ചെയ്യാം. ഷിഫ്റ്റ് സമ്പ്രദായത്തില്‍ ഇത്തരം ക്രമീകരണം സാധ്യമാണെന്നും ഐഎംഎ നിര്‍ദ്ദേശിക്കുന്നു.
Discussion about this post