തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ 57.6 ശതമാനവും വാക്സിന് എടുക്കാത്തവര്‍ക്കാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി. മരിച്ചവരില്‍ 26.3% പേര് ആദ്യ ഡോസ് വാക്സിന് എടുത്തവരും, 7.9% പേര് രണ്ട് ഡോസ് വാക്സിന് എടുത്തവരുമാണ്. ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിക്കേണ്ടി വരുന്ന രോഗികളില്‍ 52.7% പേരും വാക്സിന് എടുക്കാത്തവരാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാക്സിന് എടുത്തിട്ടും മരണമടഞ്ഞവരില്‍ ബഹുഭൂരിഭാഗം പേരും പ്രായാധിക്യമുള്ളവരോ രണ്ടോ അതില്‍ കൂടുതലോ അനുബന്ധ രോഗമുള്ളവരോ ആയിരുന്നു. പരമാവധി പേര്‍ക്ക് വാക്സിന് നല്കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ മൂന്നര കോടി ഡോസ് (3,50,12,467) വാക്സിന് നല്‍കാനായി. ആദ്യ ഡോസ് വാക്സിനേഷന് 91.62 ശതമാവും (2,44,71,319), രണ്ടാം ഡോസ് വാക്സിനേഷന് 39.47 ശതമാനവുമാണ് (1,05,41,148). സംസ്ഥാനത്ത് ആകെ 22 ലക്ഷത്തോളം പേര് മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവര്‍ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്സിന് എടുക്കേണ്ടതുള്ളൂ. അതിനാല്‍ തന്നെ വളരെ കുറച്ച് പേര് മാത്രമാണ് വാക്സിന് എടുക്കാനുള്ളത്.
രോഗം ഒരു തവണ വന്നവരില്‍ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്. ഇത്തരം കേസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഈ വര്‍ഷത്തേക്കാള്‍ 6 മടങ്ങായിരുന്നു. പത്തനംതിട്ട, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റീഇന്‍ഫെക്ഷന്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറുപ്പക്കാര്‍ക്കിടയിലാണ് രോഗബാധ വീണ്ടും കൂടുതലായി ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post