സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുമ്പോള്‍ ആദ്യ ഘട്ടത്തില്‍ യൂണിഫോമും ഹാജറും നിര്‍ബന്ധമാക്കില്ല. സ്കൂള്‍ തുറക്കുമ്പോള്‍ നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ട എന്നാണ് തീരുമാനം. ആദ്യ ദിവസങ്ങളില്‍ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകളായിരിക്കും നടത്തുക.
പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ട് ബ്രിഡ്ജ് സിലബസ് തയ്യാറാക്കും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗ രേഖ ഒക്ടോബര്‍ അഞ്ചിന് തയ്യാറാക്കും. എന്നാല്‍ സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകള്‍ ടെമ്പോ ട്രാവലറുകള്‍ എന്നിവക്ക് നികുതി അടക്കാന്‍ ഡിസംബര്‍ വരെ കാലാവധി നീട്ടിനല്‍കാനും തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.
ഒരു ക്ലാസില്‍ പരമാവധി 30 കുട്ടികളെ മാത്രം പ്രവേശിപ്പിച്ചുകൊണ്ട് ക്ലാസ് നടത്തണമെന്നാണ് അധ്യാപക സംഘടനകളുടെ നിര്‍ദേശം. ഇത് അംഗീകരിക്കപ്പെട്ടാല്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍. ഇങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസംയിരിക്കും ക്ലാസ് ഉണ്ടാകുക. അതേസമയം, ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ബാച്ചുകളായി ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും നടക്കുക.
കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്കൂളുകളുടെ പ്രവര്‍ത്തനം. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ സ്കൂളില്‍ വരേണ്ടതില്ല. ആദ്യ ഘട്ടത്തില്‍ നേരിട്ട് പഠനത്തിലേക്കു കടക്കാതെ ഹാപ്പിനസ് കരിക്കുലം വേണമെന്ന നിര്‍ദേശമാണ് അധ്യാപക സംഘടനകള്‍ യോഗത്തില്‍ മുന്നോട്ടുവച്ചത്.
സ്കൂള്‍ തുറക്കുന്നതു സംബന്ധിച്ച കാര്യങ്ങളുടെ ജില്ലാതല ഏകോപനം കലക്ടര്‍മാര്‍ക്കായിരിക്കും. പ്രധാനാധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവരുടെ യോഗം കലക്ടര്‍ വിളിച്ചുചേര്‍ക്കും. സ്കൂള്‍ തലത്തില്‍ ജാഗ്രതാ സമിതികള്‍ക്കു രൂപം നല്‍കും. എല്ലാ അധ്യാപകരും ജീവനക്കാരും വാക്സിന് സ്വീകരിക്കണം.
വിദ്യാര്‍ത്ഥി, യുവജന, തൊഴിലാളി സംഘടനകളുടെ യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് യുവജന സംഘടനകളുടെ യോഗം. ശനിയാഴ്ച രാവിലെ വിദ്യാഭ്യാസ സംഘടനകളുടെയും ഉച്ചയ്ക്ക് സ്കൂള്‍ തൊഴിലാളി സംഘടനകളുടെയും യോഗവും നടക്കും. ശനിയാഴ്ച വൈകുന്നേരം മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗവും ഞായറാഴ്ച എഇഒ, ഡിഇഒമാരുടെ യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.
യോഗങ്ങളില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് വിദ്യാഭ്യാസ, ആരോഗ്യ സെക്രട്ടറിമാര്‍ ഞായറാഴ്ചയോടെ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ഒക്ടോബര്‍ അഞ്ചിനായിരിക്കും വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കുക.
Discussion about this post