മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെതിരെ മയക്കുമരുന്ന് കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചു. ആര്യനെ ഒക്ടോബർ 11 വരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) കസ്റ്റഡി ആവശ്യപ്പെട്ടു.
രാജ്യാന്തര ലഹരി മാഫിയയുമായി ആര്യനു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ ആര്യന്റെ ഫോണില്‍നിന്നു ലഭിച്ചുവെന്നും എന്‍സിബി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. ആര്യന്‍ ഖാന് വേണ്ടി അഭിഭാഷകന്‍ സതീഷ് മാനി ഷിന്‍ഡെയാണ് ഹാജരായത്.
ആര്യന്‍ ഖാനെതിരെ കൂടുതല്‍ തെളിവുണ്ടെന്നും രാജ്യാന്തര ലഹരിബന്ധം സൂചിപ്പിക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ ലഭിച്ചതായും ലഹരിമരുന്നുകള്‍ വന്‍തോതില്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതായി കണ്ടെത്തിയെന്നും എന്‍സിബി കോടതിയെ അറിയിച്ചു. വിശദമായി ചോദ്യം ചെയ്യുന്നതിനായി അടുത്ത തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വേണമെന്നും എന്‍സിബി കോടതിയില്‍ ആവശ്യപ്പെട്ടു. ആര്യന്‍ഖാന് അന്താരാഷ്ട്രതലത്തില്‍ മയക്കുമരുന്ന കച്ചവടക്കാരുമായി അടുത്ത ബന്ധമുണ്ടെന്നും വിതരണം ചെയ്യാന്‍ കൂടിയ അളവില്‍ ലഹരിമരുന്ന് സംഭരിച്ചിരുന്നുവെന്നും എന്‍സിബി കോടതിയെ അറിയിച്ചു.
ആഡംബരക്കപ്പലില്‍ ക്ഷണിതാവായാണ് എത്തിയതെന്നും തെളിവ് ഇല്ലെന്നും ആര്യന്‍ഖാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സതീഷ് മാനി ഷിന്‍ഡെ കോടതിയെ അറിയിച്ചു. കേസില്‍ രണ്ടുമണിക്കൂറിലധികമായി കോടതിയില്‍ വാദം തുടരുകയാണ്.
അതേസമയം മയക്കുമരുന്ന് കേസിൽ മലയാളി എന്‍.സി.ബി കസ്റ്റഡിയിലായി. മലയാളിയായ ശ്രേയസ് നായരാണ് എന്‍.സി.ബി കസ്റ്റഡിയിലായത്.
ആര്യനും അര്‍ബാസ് മര്‍ച്ചന്‍റിനും ശ്രേയസ് നായരാണ് മയക്കുമരുന്ന് നല്‍കിയതെന്നാണ് സൂചന. ഞായറാഴ്ചയാണ് ശ്രേയസിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ വാട്സ്‌ആപ്പ് ചാറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ശ്രേയസിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും.
മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്‍റ്, മുന്‍മുന്‍ ധമേച്ച എന്നിവരെയാണ് എന്‍.സി.ബി ചോദ്യം ചെയ്തു വരുന്നത്.
നൂപുര്‍ സതിജ, ഇഷ്മീത് സിങ് ഛദ്ദ, മോഹക് ജയ്‌സ്വാള്‍, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഇവരില്‍ നിന്ന് കൊക്കെയ്ന്‍, ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ് പിടികൂടിയത്.
കപ്പലില്‍ നടക്കുന്ന പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എന്‍.സി.ബിയുടെ പരിശോധന.
Discussion about this post