മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് കപ്പലിലുണ്ടെന്ന് അറിഞ്ഞല്ല തങ്ങള്‍ റെയ്ഡിന് എത്തിയതെന്ന് എന്‍സിബി. റെയ്ഡിനെത്തുമ്പോള്‍ ഷാരൂഖിന്റെ മകന് കപ്പലിലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ലഹരിപാര്ട്ടിയെക്കുറിച്ചു മാത്രമാണു വിവരം ലഭിച്ചിരുന്നത്. ക്രൂസില്‍ കയറുമ്പോഴും ആര്യന് ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. ക്യാബിനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടപ്പോഴാണ് ആര്യനെ തിരിച്ചറിയുന്നത്. ആര്യനൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തില്‍ നിന്നാണ് ഹാഷിഷ് കണ്ടെത്തിയത്. ലഹരിമരുന്ന് ഉപയോഗിക്കാന്‍ അവര്‍ പദ്ധതിയിട്ടിരുന്നുവെന്നും മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന് പറഞ്ഞു.
നാലു വര്‍ഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് ആര്യന് എന്‍സിബിക്കു മൊഴി നല്‍കിയിരുന്നത്. ആര്യന്റെ ചാറ്റ് വിവരങ്ങളും എന്‍സിബി തെളിവായി കോടതിലെത്തിക്കും. കപ്പലിലെ പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗിക്കാന്‍ ആര്യന് പദ്ധതിയിട്ടിരുന്നതായി ചാറ്റില്‍ നിന്നു വ്യക്തമാണെന്നാണ് എന്‍സിബി ചൂണ്ടിക്കാട്ടുന്നത്.
വ്യാഴാഴ്ചയാണ് ആര്യന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ആര്യനില്‍ നിന്ന് എല്ലാ വിവരങ്ങളും എന്‍സിബി ശേഖരിച്ചതിനാല്‍ ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന.
Discussion about this post