കണ്ണൂര്‍: പേരാവൂരില്‍ സി പി എം നിയന്ത്രണത്തിലുള്ള ഹൗസിംഗ് സൊസൈറ്റി ചിട്ടി ആരംഭിച്ചത് പി ജയരാജന്റെ അനുമതിയോടെയെന്ന് സെക്രട്ടറി പി വി ഹരിദാസ്. എന്നാല്‍ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങള്‍ പറയുന്ന പി വി ഹരിദാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജയരാജന് തിരിച്ചടിച്ചതോടെ നേരത്തെ പറഞ്ഞത് പിന്‍വലിക്കുകയാണെന്ന് ഹരിദാസ് വ്യക്തമാക്കി.
നേരത്തെ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ ജയരാജന് ചിട്ടി നടത്തുന്നതിന് അനുമതി നല്‍കിയിരുന്നെന്ന് പി വി ഹരിദാസ് പറഞ്ഞിരുന്നു. ചിട്ടി നടത്തരുതെന്ന് വിലക്കിയതായുള്ള പാര്‍ട്ടിയുടെ വാദം തെറ്റാണെന്നും തന്നെ ബലിയാടാക്കി രക്ഷപ്പെടാനാണ് മറ്റ് ജീവനക്കാര്‍ ശ്രമിക്കുന്നതെന്നും ഹരിദാസ് ആരോപിച്ചിരുന്നു.
ചിട്ടി തട്ടിപ്പിന്റെ ഉത്തരവാദിത്തം സി പി എം നിയന്ത്രണത്തിലുള്ള ഭരണ സമിതിക്കാണ്. നടന്ന എല്ലാകാര്യങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം തനിക്കില്ല. പാര്‍ട്ടി തനിക്കൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും ഹരിദാസ് പറഞ്ഞിരുന്നു.
എന്നാല്‍ പേരാവൂര്‍ സൊസൈറ്റിയില്‍ ചിട്ടി നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും അനാവശ്യമായി തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കേണ്ടെന്നും പറഞ്ഞ ജയരാജന് ഹരിദാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് ജയരാജന് അനുമതി നല്‍കിയിട്ടില്ലെന്ന് മനസിലായെന്നും കേട്ടറിവിന്റെ അടിസ്ഥാനത്തിലായിരുന്നു പരാമര്‍ശമെന്നും നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തിരുത്തുകയാണെന്നും ഹരിദാസ് മലക്കം മറിയുകയായിരുന്നു.
Discussion about this post