കൊച്ചി: വ്യാജ പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ച് സംസ്ഥാനത്തെ പ്രമുഖരെ കബളിപ്പിക്കുകയും, അവരുമായുള്ള പരിചയം മുതലെടുത്ത് വിവിധയാളുകളില്‍ നിന്നും ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് കോടികള്‍ തട്ടിയെടുക്കുകയും ചെയ്ത മോന്സണ് മാവുങ്കലിനെതിരെ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഡിആര്‍ഡിഒയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയതിനാണ് കേസ്.
റോക്കറ്റില്‍ ഇന്ധനമായി ഉപയോഗിക്കുന്ന പദാര്‍ത്ഥം തന്റെ കയ്യിലുണ്ടെന്ന് മോന്സണ് പലരെയും കബളിപ്പിച്ചിരുന്നു. ഇറിഡിയം കയ്യില്‍ സൂക്ഷിക്കുവാന്‍ തനിക്ക് ഡി ആര് ഡി ഒയുടെ അനുമതി ഉണ്ടെന്ന രേഖയാണ് മോന്സന് ആളുകളെ കാണിച്ചിരുന്നത്. ഇത് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ കേസ് ചുമത്തിയത്.
വ്യാജ ഒപ്പും സീലും ഗവേഷകരുടെ പേരില്‍ മോന്സണ് നിര്‍മ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ മോന്സണ് ഇപ്പോള്‍ ഏഴു കേസുകളിലാണ് പ്രതിപ്പട്ടികയിലുള്ളത്.
കൊച്ചിയില്‍ പുരാവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മോന്സണ് അറസ്റ്റിലായതോടെ നിരവധി ആളുകളാണ് പുതിയ പരാതികളുമായി രംഗത്ത് വന്നത്. ഇവരില്‍ പലരില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് മോന്സണ് വന്‍ തുക വാങ്ങിയിരുന്നു. ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശി ഇന്നലെ പരാതിയുമായി എത്തി. ഭാര്യയുടെ സ്വര്‍ണം പണയം വച്ചാണ് ഇയാള്‍ മോന്‍സണിന് പണം നല്‍കിയത്. ഇരുപത് ദിവസത്തിനകം നല്‍കാം എന്ന് പറഞ്ഞ് വാങ്ങിയ പണം വര്‍ഷങ്ങളായിട്ടും മോന്സണ് തിരികെ നല്‍കിയിരുന്നില്ല.
Discussion about this post