തിരുവനന്തപുരം: നടന് നെടുമുടി വേണുവിന്റെ ഭൗതികശരീരം ചൊവ്വാഴ്ച്ച രാവിലെ 10.30 മണി മുതല്‍ 12.30 വരെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. അതുവരെ വട്ടിയൂര്‍ക്കാവിലെ തിട്ടമംഗലത്തെ സ്വവസതിയിലായിരിക്കും ഭൗതിക ദേഹം.
സംസ്കാരം ഉച്ചയ്ക്കു ശേഷം രണ്ടു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൊതുഭരണവകുപ്പ് പുറത്തിറക്കി.
അരങ്ങിലും അഭ്രപാളിയും താളലയ ചാരുതയുള്ള അഭിനയത്തിന്റെ ഉജ്വല മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടന് തന്റെ 73 മത്തെ വയസ്സിലാണ് വിടവാങ്ങുന്നത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പകല്‍ 1.30 ഓടെയായിരുന്നു അന്ത്യം.
ഉദരരോഗ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രിയില്‍നിന്നു കുണ്ടമന്‍ കടവിലെ വീട്ടിലേക്കു കൊണ്ടുപോയി.ഭാര്യ: സുശീല. മക്കള്‍: ഉണ്ണി, കണ്ണന്.
Discussion about this post