ഡല്‍ഹി: കൊവിഡ് വ്യാപനവും രണ്ടാം തരംഗവും കുറഞ്ഞിട്ടുണ്ടെങ്കിലും ഏറ്റവും മോശമായ സാഹചര്യം അവസാനിച്ചുവെന്ന് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്ന് മുന്നറിയിപ്പ് നൽകി കോവിഡ് ദൗത്യ സംഘം മേധാവി വി.കെ. പോള്‍. ശാസ്ത്രീയ യുക്തിയുടെയും ലഭ്യമായ വാക്സിനുകളുടെ വിതരണ സാഹചര്യത്തിന്‍റെയും അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പല രാജ്യങ്ങളും രണ്ടില്‍ കൂടുതല്‍ തരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും പോള്‍ ചൂണ്ടിക്കാട്ടി. നിലവില്‍ കോവിഷീല്‍ഡ്, കോവാക്സിന്‍, സ്പുട്നിക് വി എന്നീ മൂന്നു വാക്സിനുകള്‍ മാത്രമാണ് രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്‍കുന്നത്. അവയെല്ലാം രണ്ടു ഡോസ് വാക്സിനുകളാണ്.
2 മുതല്‍ 18 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ചില നിബന്ധനകളോടെ ഭാരത് ബയോടെക്കിെന്റ കോവാക്സിന്‍ നല്‍കുന്നതിന് അടിയന്തരാനുമതി നല്‍കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഈ വാക്സിന് കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ സമഗ്രത പരിശോധിക്കേണ്ടതുണ്ടെന്ന് പോള്‍ ചൂണ്ടിക്കാട്ടി. പ്രായോഗിക തീരുമാനമെ ഇതിന്‍റെ കാര്യത്തില്‍ എടുക്കാനാകൂ- അദ്ദേഹം പറഞ്ഞു.
Discussion about this post