പഞ്ച്കുള: മുന്‍ മാനേജര്‍ രഞ്ജിത് സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം അടക്കം 5 പേര്‍ക്ക് ജീവപര്യന്തംതടവ് ശിക്ഷ. ഗുര്‍മീതിനെ കൂടാതെ കൃഷ്ണ ലാല്‍, ജസ്ബീര്‍ സിംഗ്, അവതാര്‍ സിംഗ്, സബ്ദില്‍ എന്നിവര്‍ക്കാണ് പഞ്ജ്കുല സിബിഐ കോടതി ശിക്ഷ വിധിച്ചത്.
തടവ് ശിക്ഷയ്ക്കൊപ്പം പ്രതികള്‍ പിഴയും ഒടുക്കണം. ഗുര്‍മീതിന് 31 ലക്ഷവും മറ്റുള്ളവര്‍ക്ക് 50,000 രൂപ വീതവുമാണ് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. 2002-ലാണ് രഞ്ജിത് സിംഗിനെ ഗുര്‍മീതും കൂട്ടാളികളും ചേര്‍ന്ന് വെടി വച്ച് കൊന്നത്.
ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതികളെപ്പറ്റി പ്രചരിച്ച കത്തിനു പിന്നില്‍ രഞ്ജിത് ആണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.
തന്റെ രണ്ട് ഭക്തകളെ പീഡിപ്പിച്ച കേസില്‍ 2017 മുതല്‍ ഗുര്‍മീത് റോഹ്താങ്കിലെ സുനാരിയ ജയില്‍ തടവിലാണ്. 20 വര്‍ഷത്തേക്കാണ് തടവ്.
അതേസമയം മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ മറ്റൊരു കേസില്‍ ഗുര്‍മീത് ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
Discussion about this post