ശ്രീനഗര്‍: കശ്മീരിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഭീകരര്‍ക്ക് താക്കീതുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് കശ്മീരില്‍ എത്തിയതായിരുന്നു അമിത് ഷാ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ഇതാദ്യമായിട്ടാണ് അമിത് ഷാ കശ്മീരിലെത്തിയത്.
ജമ്മുകശ്മീരിലെ സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്താനായി രാജ് ഭവനില്‍ വെച്ച് സംഘടിപ്പിച്ച യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്തു.
കശ്മീര്‍ താഴ്വരയിലെ സാധാരണക്കാര്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ചെറുക്കാനുള്ള വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്തു. ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാനുള്ള നീക്കങ്ങളും അദ്ദേഹം വിലയിരുത്തി.
യോഗത്തില്‍ ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കരസേനയിലെയും പോലീസിലെയും സിആര്‍പിഎഫിലെയും ഉന്നത ഉദ്യോഗസ്ഥരും മറ്റ് സുരക്ഷാ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ജമ്മു കശ്മീരില്‍ നിന്നും ഭീകരരെ നിഷ്കാസനം ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായും പ്രദേശത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായും അധികൃര്‍ അറിയിച്ചു.
ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥന് പര്‍വേസ് അഹമ്മദിന്റെ കുടുംബാംഗങ്ങളെ അമിത് ഷാ സന്ദര്‍ശിച്ചു. പര്‍വേസ് അഹമ്മദിന്റെ ഭാര്യ ഫാത്തിക അഖ്തറിന് സര്‍ക്കാര്‍ ജോലി നല്‍കിയതായുള്ള ഉത്തരവ് അമിത് ഷാ കൈമാറി.
Discussion about this post