ബംഗളുരു: കഴിഞ്ഞ ദിവസം അന്തരിച്ച കന്നട ചലച്ചിത്രതാരം പുനീത് രാജ്കുമാറിന്റെ സംസ്കാരം പൂര്‍ത്തിയായി. കണ്ഠീരവ സ്റ്റുഡിയോയില്‍ പിതാവ് രാജ്കുമാറിന്റെ സമീപത്ത് തന്നെയാണ് പുനീതിനും അന്ത്യവിശ്രമം കൊള്ളുന്നതിനുള്ള കുഴിമാടം ഒരുക്കിയത്.
അമേരിക്കയിലുള്ള മകള്‍ ഇന്നലെ രാത്രിയോടെ ബംഗളുരുവില്‍ എത്തിയിരുന്നു. തുടര്‍ന്ന് വെളുപ്പിന് നാലു മണിക്ക് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദര്‍ശനം അവസാനിപ്പിച്ച ശേഷം വിലാപയാത്രയായി മൃതദേഹം കണ്ഠീരവ സ്റ്റുഡിയോയിലേക്ക് കൊണ്ടു പോയി. രാവിലെ 7.30ഓടെയാണ് സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.
സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് സംസ്കാരചടങ്ങുകള്‍ അതിരാവിലെ നടത്താന്‍ തീരുമാനിച്ചത്. അടുത്ത കുടുംബാംഗങ്ങള്‍ക്ക് പുറമെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രമുഖ താരങ്ങളായ യഷ്, രവിചന്ദ്രന്‍, ദുനിയാ വിജയ് എന്നിവര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു അതിരാവിലെ തന്നെ സംസ്കാരചടങ്ങ് നടത്തിയതെങ്കിലും വന്‍ ജനക്കൂട്ടമെത്തിയിരുന്നു. കണ്ഠീരവ സ്റ്റുഡിയോയുടെ സമീപത്തുള്ള വീടുകളിലെ ടെറസുകളിലും മരച്ചില്ലകളിലുമെല്ലാമായി നിരവധി ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണുന്നതിന് വേണ്ടി നില്ക്കുന്നുണ്ടായിരുന്നു.
Discussion about this post