തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും, സ്വപ്നപദ്ധതി എന്ന് വിശേഷിപ്പിക്കുന്ന സില്‍വര്‍ ലെയിന്‍ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന് രൂപേഷ് പന്ന്യന്‍.
ആടിനെ വിറ്റും പണകുടുക്ക പൊട്ടിച്ചും കാശ് നല്കി അന്യരുടെ വേദനയ്ക്കൊപ്പം ചേര്‍ന്ന് നിന്ന നന്മ മനുഷ്യരെ മറന്നു കൊണ്ടുള്ള വികസനമാണിതെന്നും, ഇന്ധനവില കുറച്ച് വിലകയറ്റം ഉണ്ടാക്കാത്ത വികസനമാണ് വേണ്ടതെന്നും രൂപേഷ് പന്ന്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രൂപേഷ് പന്ന്യന്റെ ഫേസ്ബുക്ക് പോസ്റ്റ്:
തുറന്നു പറച്ചിലുകള്‍ക്കിടയില്‍ കൊട്ടിയടക്കപ്പെടുന്ന വാതിലുകളൊത്തിരിയുണ്ടാകാം. കൊട്ടിയടക്കാത്ത വാതിലുകള്‍ക്കായി മെതിയടികള്‍ പണിയുമ്പോൾ മാഞ്ഞു പോകുക വയലാറും
ഭാസ്കരനും, ഒ.എന്‍.വി യും, കുമാരനാശാനും കോറിയിട്ട ആ വിപ്ളവ വരികളാണ്
മാറ്റുവിന്‍ ചട്ടങ്ങളെ എന്നു മാറാത്ത ചട്ടങ്ങള്‍ നോക്കി നിരാശയൊടെ ആശാനെഴുതിയപ്പോള് മാറാനായി തുടിക്കാത്തവരായി ആരുമുണ്ടാകില്ല….വയലാറും, ഭാസ്കരനും, ഒ എന്‍ വി യും, ആശാനുമൊക്കെ ഓര്‍മ്മയായപ്പോഴും മാറ്റത്തിനായുള്ള തുടിപ്പ് വെറും കിതപ്പായി.
അതിവേഗ റെയിലും വികസനവും മാത്രമാകുമ്പോൾ ആശകള്‍ വീണ്ടും നിരാശകളായി മാറുകയാണ് … പെട്രോളിനും ഡീസലിനും വില പൊങ്ങുമ്പോൾ പൊങ്ങുന്ന വിലയിലലിഞ്ഞു ചേര്‍ന്ന വികസനത്തിന്റെ മേമ്പൊടി തട്ടി കാണിച്ച് ചാനലുകളിലും പാതയോരങ്ങളിലും വാതോരാതെ സംസാരിക്കുന്നവര്‍ അധികാരത്തിന്റെ ചില്ലകളില്‍ കൂടു കൂട്ടി സസുഖം വാഴുമ്പോൾ … പെട്രോളടിക്കാന്‍ വണ്ടി പോലുമില്ലാത്ത സാധാരണക്കാരന്റെ പട്ടിണിക്ക് പരിഹാരമാകേണ്ട അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്നത് കാണാതെ… നാലു മണിക്കൂര്‍ കൊണ്ട് തെക്ക്-വടക്കോടി തീര്‍ക്കാന്‍ സില്‍വര്‍ ലൈനിനായി പരക്കം പായുന്നവര്‍ക്ക് മുന്നില്‍ സില്‍വറും ഗോള്ഡുമാകാതെ ബൗള്ഡായ് അസ്തമിക്കുക സാധാരണക്കാരന്റെ പ്രതീക്ഷകള്‍ മാത്രമാണ്…
സില്‍വര്‍ ലൈനിലൂടെ നാലു മണിക്കൂര്‍ കൊണ്ട് കുതിച്ചു പായാനായി കിതച്ചു നില്ക്കുന്നവര് …ഒരു മണിക്കൂര്‍ ചോലും തികയ്ക്കാതെ തെക്കും വടക്കും പറന്നു നടക്കാനായുള്ള വിമാനതാവളങ്ങളെ മാത്രമല്ല മറക്കുന്നത് … സില്വറാകാന് പോയിട്ട് പാളങ്ങള്‍ പോലുമില്ലാത്ത വയനാടിനെയും ഇടുക്കിയേയും കൂടിയാണ്…
പൊട്ടിപൊളിഞ്ഞ റോഡുകളും…പാളങ്ങളില്ലാത്ത ജില്ലകളും മറന്ന് വികസനത്തിനായി… സില്‍വറും ഗോള്‍ഡും കൊണ്ട് സ്വര്‍ഗ്ഗങ്ങള്‍ പണിയുമ്പോൾ ആ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകളാകാതെ ജീവിക്കാനായെങ്കിലും ഇന്ധനവില കുറച്ച് വിലകയറ്റം ഉണ്ടാക്കാത്ത വികസനമാണ് വേണ്ടത് …
ആടിനെ വിറ്റും പണ കുടുക്ക പൊട്ടിച്ചും കാശ് നല്കി അന്യരുടെ വേദനയ്ക്കൊപ്പം ചേര്‍ന്ന് നിന്ന നന്മ മനുഷ്യരെ മറന്നു കൊണ്ടുള്ള വികസനം.. സില്‍വറായാലും ഗോള്‍ഡായാലും അത് പാളം തെറ്റിയതു തന്നെയാണ് ..
Discussion about this post