കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വെന്റി 20 മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇതോടെ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കി. 73 റണ്‍സിനായിരുന്നു കൊല്‍ക്കത്തയിലെ ഇന്ത്യയുടെ വിജയം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 17.2 ഓവറില്‍ 111 റണ്‍സിന് ന്യൂസിലാന്‍ഡ് പുറത്തായി.
അര്‍ധസെഞ്ചുറി നേടിയ നായകന് രോഹിത് ശര്‍മയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്തു. 27 പന്തുകളില്‍ നിന്നാണ് രോഹിത് അര്‍ധ ശതകത്തിലെത്തിയത്. 31 പന്തുകളില്‍ നിന്ന് മൂന്ന് സിക്സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 56 റണ്‍സെടുത്താണ് രോഹിത് ക്രീസ് വിട്ടത്.
21 പന്തുകളില്‍ നിന്ന് ആറ് ഫോറുകളുടെ സഹായത്തോടെ 29 റണ്‍സെടുത്ത ഇഷാന് കിഷന്, 15 പന്തുകളില്‍ നിന്ന് 20 റണ്‍സെടുത്ത വെങ്കിടേഷ് അയ്യര്‍, 20 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍, 11 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത ഹര്‍ഷല്‍ പട്ടേല്‍, എട്ട് പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ദീപക് ചഹാര്‍ എന്നിവരും ഇന്ത്യക്ക് വേണ്ടി നന്നായി ബാറ്റ് വീശി. സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് എന്നിവര്‍ക്ക് ശോഭിക്കാനായില്ല.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ഇന്ത്യയുടെ ട്വന്റി 20 ടീം നായകനായി സ്ഥാനമേറ്റ രോഹിത്തിനും പരിശീലകനായി സ്ഥാനമേറ്റ ദ്രാവിഡിനും തുടക്കം ഗംഭീരമാക്കാന്‍ ഈ പരമ്പര നേട്ടത്തോടെ സാധിച്ചു.
Discussion about this post