സഹകരണ സംഘങ്ങളുടെ പേരിൽ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2020 സെപ്റ്റംബർ 29-ന് നിലവിൽ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം 2020 (2020-ലെ നിയമം 39) മുഖേന 1949-ലെ ബാങ്കിംഗ് നിയന്ത്രണം നിയമം (BR Act 1949 ഭേദഗതി ചെയ്തിട്ടുണ്ട്.
തദനുസരണം BR Act1949-ലെ വകുപ്പുകൾ അനുസരിച്ചോ അല്ലെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചതോ ഒഴികെയുള്ള സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കർ അഥവാ ബാങ്കിംഗ് എന്ന വാക്കുകൾ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാൻ പാടില്ലെന്ന് ആർബിഐ മുന്നറിയിപ്പിൽ പറയുന്നു.
1949-ലെ ബാങ്കിംഗ് നിയന്ത്രണ നിയമത്തിന്റെ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാധകമായത്) BR Act 1949 സെക്ഷൻ 7 ലംഘിച്ച് ചില സഹകരണ സംഘങ്ങൾ തങ്ങളുടെ പേരിൽ ബാങ്ക് എന്നവാക്ക് ഉപയോഗിക്കുന്നതായി ആർബിഐയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
1949-ലെ BR Act 1949-ന്റെ വ്യവസ്ഥകൾ ലംഘിച്ച് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങൾ, അംഗങ്ങൾ അല്ലാത്തവരിൽ നിന്നും, നാമമാത്ര അംഗങ്ങളിൽ നിന്നും, അസോസിയേറ്റ് അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതായും ആർബിഐയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
മേൽപറഞ്ഞ സഹകരണ സംഘങ്ങൾക്ക് (BR Act 1949പ്രകാരം ലൈസൻസ് നൽകിയിട്ടില്ലെന്നും ഇവയെ ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ആർബിഐ അധികാരപ്പെടുത്തിട്ടില്ലെന്നും പൊതുജനങ്ങളെ അറിയിക്കുന്നതായി നിർദ്ദേശത്തിൽ ആർബിഐ വ്യക്തമാക്കി. ഈ സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ ഡിഐസിജിസി) ഇൻഷുറൻസ് പരിരക്ഷയും ലഭ്യമല്ല. അത്തരം സഹകരണ സംഘങ്ങൾ ഒരു ബാങ്കാണെന്ന് അവകാശപ്പെടുകയാണെങ്കിൽ ജാഗ്രത പാലിക്കാനും ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ആർബിഐ നൽകിയ ബാങ്കിംഗ് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്നും ആർബിഐ നിർദ്ദേശത്തിൽ പറയുന്നു.
Discussion about this post