തലസ്ഥാനത്തെ റേഷന്‍കടയില്‍ ഭക്ഷ്യമന്ത്രി ജി.ആര് അനിലിന്റെ മിന്നല്‍ പരിശോധന. ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് മന്ത്രി റേഷന്‍ കട സന്ദര്‍ശിച്ചു. തിരുവനന്തപുരം പാലോടുള്ള എ.ആര്.ഡി 117ആം നമ്പര്‍ റേഷന്‍ കടയിലാണ് മന്ത്രി പരിശോധന നടത്തിയത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം പരിശോധനയില്‍ പങ്കെടുത്തിരുന്നു.
റേഷന്‍ കടയില്‍ ഗുണനിലവാരം ഇല്ലാത്ത ഗോതമ്പാണ് വിതരണം ചെയ്യുന്നത് എന്ന് കാര്‍ഡ് ഉടമ പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിലാണ് മന്ത്രിയുടെ നടപടി. പരിശോധനയ്ക്ക് ശേഷം ഭക്ഷ്യയോഗ്യമല്ലാത്ത ഉത്പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു. ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്നും കടയുടമയ്ക്ക് മന്ത്രി താക്കീത് നല്കി. ഭക്ഷ്യയോഗ്യമല്ലാത്ത ഉത്പന്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ വിതരണം ചെയ്യരുത്. റേഷനിംഗ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് ഭക്ഷ്യധാന്യം മാറ്റി വാങ്ങണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലും അടിയന്തരമായി പരിശോധന നടത്താന്‍ മന്ത്രി നിര്‍ദേശം നല്കി. എല്ലാ റേഷന്‍ കടകളിലും വിതരണത്തിനായി എത്തിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങള്‍ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കണമെന്നും മന്ത്രി ജി ആര് അനില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലും സിവില്‍ സപ്ലൈസ് വകുപ്പ് ഉടനെ പരിശോധന ആരംഭിക്കും.
Discussion about this post