വാക്സിന് വിരുദ്ധ നിലപാടുണ്ടായിരുന്ന ക്രിസ്തീയ ചാനലിന്‍റെ ഉടമ കോവിഡ് ബാധിച്ചു മരിച്ചു. അമേരിക്കയിലെ ഡേസ്റ്റാര്‍ ടെലിവിഷന്‍ നെറ്റ്വര്ക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍കസ് ലാംബ് (64) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
‘കര്‍ത്താവിന്‍റെ കൂടെ കഴിയാന്‍ വീട്ടിലേക്ക് മടങ്ങി’ എന്നാണ് മാര്‍കസ് ലാംബിന്റെ മരണ വിവരം അറിയിച്ചുകൊണ്ട് ഡേസ്റ്റാര്‍ ടെലിവിഷന്‍ ട്വീറ്റ് ചെയ്തത്. കോവിഡ് ബാധിതനായിരുന്നു എന്നത് ട്വീറ്റില്‍ പറയുന്നില്ല. കഴിഞ്ഞ ആഴ്ച മാര്‍കസിന്‍റെ മകന്‍ ജൊനാഥന്‍ പിതാവിന്‍റെ രോഗശമനത്തിനായി പ്രാര്‍ഥിക്കാന്‍ ടെലിവിഷനിലൂടെ ആഹ്വാനം ചെയ്തിരുന്നു. മാര്‍കസിന്‍റെ ഭാര്യയും അദ്ദേഹത്തിന് കോവിഡില്‍ നിന്ന് മുക്തി കിട്ടാന്‍ പ്രാര്‍ഥിക്കാനായി ടിവിയിലൂടെ ആഹ്വാനം ചെയ്തിരുന്നു.
കോവിഡ് വാക്സിനെതിരെയും ലോക്ഡൗണിനെതിരെയും നിരന്തരം പ്രചാരണം നടത്തിയിരുന്ന ചാനലാണ് ഡേസ്റ്റാര്‍. വാക്സിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഡേസ്റ്റാറില്‍ മണിക്കുറുകളാണ് അനുവദിച്ചിരുന്നത്. വാക്സിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതിന് ഇന്‍സ്റ്റഗ്രാമടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വിലക്കിയ വ്യക്തികള്‍ക്കടക്കം സമയം ഡേസ്റ്റാര്‍ യഥേഷ്ടം സമയം അനുവദിച്ചിരുന്നു.
കഴിഞ്ഞ മാസങ്ങളില്‍ നിരവധി ക്രിസ്ത്യന്‍ വാക്സിന് വിരുദ്ധ പ്രചാരകരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഡിക് ഫാരെല്‍, ഫില്‍ വാലെൈന്റന്, മാര്‍ക് ബെര്‍ണിയര്‍ എന്നിവരൊക്കെ കഴിഞ്ഞ മാസങ്ങളില്‍ കോവിഡ് ബാധിച്ചു മരിച്ച ക്രിസ്ത്യന്‍ മതപ്രചാരകരാണ്.
Discussion about this post