ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അട്ടപ്പാടി സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്. മന്ത്രിക്ക് പ്രതിപക്ഷ നേതാവിനെക്കാള്‍ മുന്‍പ് എത്താനുള്ള തിടുക്കമായിരുന്നു എന്ന് സൂപ്രണ്ട് പറഞ്ഞു. മന്ത്രിയുടെ സന്ദര്‍ശന ദിവസം തന്നെ ഇല്ലാത്ത യോഗത്തിന്റെ പേരും പറഞ്ഞ് സ്ഥലത്ത് നിന്ന് മനപ്പൂര്‍വ്വം മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന്റെ പിന്നിലെന്നും പ്രഭുദാസ് പറഞ്ഞു. തനിക്ക് പറയാനുള്ളത് ഒന്നും കേള്‍ക്കാതെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള നീക്കം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിക്ക് വേണ്ടി പലകാര്യങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നും നടപ്പാക്കിയില്ല. ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് മന്ത്രി അട്ടപ്പാടിയെ പരിഗണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിര്‍ത്തലും നേരിട്ടാണ് താന്‍ വന്നത്. കോട്ടത്തറയില്‍ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അവയെല്ലാം വിശദീകരിക്കേണ്ടത് താനാണെന്നും പ്രഭുദാസ് പറഞ്ഞു. തന്റെ കൈയ്യില്‍ എല്ലാത്തിന്റെയും രേഖകളുമുണ്ടെന്നും അതുകൊണ്ട് ഭയമില്ലെന്നും പ്രഭുദാസ് പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസി ഗര്‍ഭിണികളില്‍ 191 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ് എന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് സ്ഥിതി പരിശോധിക്കാനായാണ് ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത്. ഇവിടെ എത്തി അഗളി സാമൂഹികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചതിന് ശേഷം കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേയ്ക്ക് പോയി. ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് യോഗമുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചതിന് ശേഷമാണ് മന്ത്രി ചുരം കയറിയത്.
Discussion about this post