ഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയായ ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യ മധുലിക റാവത്തിനും അന്തിമോപചാരമര്‍പ്പിച്ച് രാജ്യം. ഇരുവരുടെയും ഭൗതിക ശരീരം ഡല്‍ഹിയിലെ കാമരാജ് റോഡിലുള്ള ഔദ്യോഗിക വസതിയില്‍ എത്തിച്ചു. സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപചാരമര്‍പ്പിക്കുന്നതിനായി രാഷ്ട്രീയ, സാംസ്കാരിക,സാമൂഹ്യ രംഗത്തെ പ്രമുഖര്‍ വസതിയില്‍ എത്തി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്, കേന്ദ്ര മന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യയ, സര്‍ബാനന്ദ സോനോവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, എ കെ ആന്റണി, ഹരീഷ് സിംഗ്, മല്ലികാര്‍ജുന ഗാര്‍ഗെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി, ഡല്‍ഹി ലഫ്റ്റനെന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, ഡി എം കെ നേതാക്കളായ എ രാജ, കനിമൊഴി, ജെ പി നഡ്ഡ, ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത്, ഫ്രാന്‍സ്, ഇസ്രായേല്‍ നയതന്ത്രപ്രതിനിധികള്‍ തുടങ്ങിയവര്‍ വസതിയിലെത്തി. കഴിഞ്ഞ ദിവസം ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ച ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.
പതിനൊന്ന് മണിമുതല്‍ രണ്ട് മണി വരെയാണ് പൊതുദര്‍ശനം. തുടര്‍ന്ന് ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ നാല് മണിക്ക് ശേഷം സംസ്കാരം നടക്കും.
Discussion about this post