ഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേര് മരിച്ച ഹെലികോപ്ടര്‍ അപകടത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് വ്യോമസേന. ട്വിറ്ററിലൂടെയാണ് വ്യോമസേനയുടെ അഭ്യര്‍ഥന. ഹെലികോപ്ടര്‍ അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് വ്യോമസേന വ്യക്തമാക്കി.
അതിവേഗത്തിലും കൃത്യതയോടും കൂടി അന്വേഷണം പൂര്‍ത്തിയാക്കി വസ്തുതകള്‍ പുറത്ത് കൊണ്ടു വരും. അതുവരെ മരിച്ചവരുടെ അന്തസിനെ ബഹുമാനിക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും വ്യോമസേന ട്വീറ്റ് ചെയ്തു. ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം 13 പേരാണ് മരിച്ചത്.
ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ ലിദ്ദര്‍, ലഫ്റ്റനന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക് ഗുരുസേവക് സിങ്, നായിക് ജിതേന്ദ്ര കുമാര്‍, ലാന്‍സ്നായിക് വിവേക് കുമാര്‍, ലാന്‍സ്നായിക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് പരിക്കുകളോടെ ചികിത്സയിലാണ്.
Discussion about this post