ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് വീഴ്ചയില്‍ ആരോപണവിധേയനായ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കില്ല. സമ്മേളനത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ഇന്നലെ അറിയിച്ചത്. ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങളില്‍ നിന്ന് വിട്ട് നിന്നതിന് അദ്ദേഹത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാജേന്ദ്രനെതിരായ നടപടിയിലെ ഇളവ് സംബന്ധിച്ച് സംസ്ഥാന നേതാക്കളില്‍ നിന്ന് ഉറപ്പ് ലഭിക്കാത്തതാണ് സമ്മേളനത്തില്‍ നിന്ന് വിട്ട് നില്ക്കാന് കാരണമെന്നാണ് സൂചന.
ദേവികുളം ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ആയിരുന്ന അഡ്വ. എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് രാജേന്ദ്രനെ പുറത്താക്കാന്‍ ഇടുക്കി ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന് കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍.
രാജേന്ദ്രനെ ഒരു വര്‍ഷത്തേയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശിപാര്‍ശ ചെയ്തത്. ഇതിന് പുറമേ സമ്മേളനങ്ങളില്‍ രാജേന്ദ്രന് പങ്കെടുക്കാതിരുന്നത് ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഒരു പാര്‍ട്ടി സമ്മേളനത്തിലും രാജേന്ദ്രന് പങ്കെടുക്കാതിരുന്നതിനെ മുന്‍ മന്ത്രി എം.എം. മണി വിമര്‍ശിച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാത്ത രാജേന്ദ്രനെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post