സര്‍വ്വകലാശാല ചാന്‍സലര്‍ പദവിയില്‍ തുടരാനാകില്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വ്വകലാശാലകളുടെ കാര്യത്തില്‍ എല്ലാ അധികാരവും ഉണ്ടായിട്ടും എല്ലാ കാര്യങ്ങളിലും ഇടപെടലുകള്‍ വരുമ്പോള്‍ ആ സ്ഥാനത്ത് തുടരാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ തര്‍ക്കങ്ങള്‍ക്കുള്ള പരിഹാരം നിയമസഭ വിളിച്ചുചേര്‍ത്ത് ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ മാറ്റുകയാണ്. പകരം ആരാകണം എന്നത് നിയമസഭയ്ക്ക് തീരുമാനിക്കാം. നിയമനിര്‍മ്മാണമോ ഓര്‍ഡിനന്‍സോ എന്തുവേണമെങ്കിലും നിയമസഭയ്ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ആരോടും പ്രശ്നങ്ങളില്ലെന്നും, ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായി. അതീവ ഗൗരവമുള്ള കാര്യങ്ങള്‍ കണ്ടപ്പോള്‍ നിശബ്ദനായിപോയി. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്. എന്നാല്‍ ഇത് പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. പറയുന്നവര്‍ പറയട്ടെയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ചാന്‍സലര്‍ പദവി നല്‍കിയിട്ട് ഓരോ ദിവസവും ഇടപെടുകയാണ്. പിന്നെ താന്‍ എങ്ങനെ നിയമപരമായ കാര്യങ്ങള്‍ നിരവഹിക്കുമെന്നും ഗവര്‍ണര്‍ ചോദിക്കുന്നു. അതിനാല്‍ തന്നെ ഈ പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക് വിഷയങ്ങള്‍ എന്തിനാണ് രാഷട്രീയവത്ക്കരിക്കുന്നത്? ശക്തി തെളിയിക്കാനുള്ള ഇടമല്ല സര്‍വകലാശാലകള്‍. ഡിലീറ്റ് നല്കാന് കേരള സര്‍വകലാശാല വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടായെന്ന് ഇപ്പോള്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ മൗനം പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
Discussion about this post