റാഞ്ചി: ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ നിന്ന് മനോഹര്‍പൂര്‍ മുന്‍ ബിജെപി എംഎല്‍എ ഗുരുചരണ്‍ നായക് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എന്നാല്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ നായക്കിന്റെ രണ്ട് അംഗരക്ഷകര്‍ കൊല്ലപ്പെടുകയും പൊലീസിന്റെ പക്കലുണ്ടായിരുന്ന മൂന്ന് എ.കെ 47 തോക്കുകള്‍ കാണാതാവുകയും ചെയ്തു.
ഗോയില്‍കെര പൊലീസ് സ്റ്റേഷന് പരിധിയിലെ ജീല്റുവ ഗ്രാമത്തില്‍ നായക് മുഖ്യാതിഥിയായി പങ്കെടുത്ത ഫുട്ബാള്‍ മത്സരത്തിന് ശേഷമാണ് നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടനയിലെ അംഗങ്ങളുടെ ആക്രമണം നടന്നതെന്ന് ചക്രധര്‍പൂര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ ദിലീപ് ഖല്‍ഖോ അറിയിച്ചു.
പ്രാദേശിക ഫുട്ബോള്‍ മത്സരം കഴിഞ്ഞതിന് ശേഷമാണ് കാണികളുടെ കൂട്ടത്തിലുണ്ടായിരുന്ന മാവോയിസ്റ്റുകള്‍ നായക്കിനെ ആക്രമിക്കുന്നത്. പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് നായക് രക്ഷപ്പെട്ടത്. പക്ഷേ അംഗരക്ഷകരായ രണ്ടുപേരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തുകയായിരുന്നു.
2012-ല്‍ ജില്ലയിലെ ആനന്ദ്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ സമാനമായ മാവോയിസ്റ്റ് ആക്രമണമുണ്ടായപ്പോഴും നായക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
Discussion about this post