പാലക്കാട് : ജില്ലയിലെ പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികള്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മകന് പിടിയില്‍. നാട്ടുകാരാണ് സനലിനെ(28) പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പുതുപ്പരിയാരം സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കര്‍ണാടയില്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. സനലാണ് ദമ്പതികളെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഓട്ടുകാട് മയൂരം വീട്ടില്‍ ചന്ദ്രന് (60), ദേവി (50) എന്നിവരാണ് മരിച്ചത്. ഇവരുടെ മകനായ സനല്‍ മഹാരാഷ്ട്രയിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് രാജി വെച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.ഇയാള്‍ കുറച്ചു നാളുകളായി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ഇതിനായി ചികിത്സ തേടിയിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ചന്ദ്രനെയും ദേവിയേയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു. ഇവരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കൊലപാതകം നടന്ന വീട്ടില്‍ നിന്ന് സിറിഞ്ചുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവ സനല്‍ മയക്കുമരുന്നിന് വേണ്ട് ഉപയോഗിച്ചിരുന്നത് ആണെന്ന് പൊലീസിന് സംശയമുണ്ട്.
Discussion about this post