ഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയര്‍ന്നു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനമാണ്.
315 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,85,350 ആയി ഉയര്‍ന്നു. നിലവില്‍ 12,72,073 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,345 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 95.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 155.39 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്.
മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്.
രാജ്യത്ത് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 5,753 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ 4.83 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്.
Discussion about this post