സത്യത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ എപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഫ്രാങ്കോ മുളയ്ക്കല്‍. സത്യത്തെ സ്നേഹിക്കുന്നവരും, സത്യത്തിന് വേണ്ടി നില്‍ക്കുന്നവരും എപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്നു. ഫലം ഉള്ള മരത്തില്‍ കല്ലെറിയും. അതില്‍ അഭിമാനമേ ഉള്ളൂവെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഫ്രാങ്കോ പറഞ്ഞു.
ദൈവത്തിന്റെ കോടതിയിലുള്ള വിധി ഭൂമിയിലെ കോടതിയില്‍ വരട്ടെയെന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ദൈവം ഉണ്ടെന്നും, ദൈവത്തിന്റെ ശക്തി എന്താണെന്നും ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള ഒരു മിഷിനറിയാണ് താനെന്നും അതിന് ദൈവം അവസരം തന്നുവെന്നും ഫ്രാങ്കോ പറഞ്ഞു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിടുകയായിരുന്നു. ഫ്രാങ്കോ കുറ്റക്കാരനാണ് എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്നാണ് കോടതി വ്യക്തമാക്കിയത്.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി ഏഴു വകുപ്പുകളാണ് ചുമത്തിയിരുന്നത്. എല്ലാ കേസില്‍ നിന്നും ഫ്രാങ്കോയെ കുറ്റവിമുക്തനാക്കുന്നുവെന്നാണ് കോട്ടയം അഡീഷ്ണല്‍ ജില്ല സെഷന്‍സ് കോടതി വിധിച്ചത്. സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്.
Discussion about this post