പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നു. ഇവിടുത്തെ 239 തടവുകാര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാര്‍ക്കിടയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. ഗുരുതര രോഗികളെ ആശുപത്രിയിലേക്കും മാറ്റി.
കഴിഞ്ഞ ദിവസങ്ങളിലായി ജയിലില്‍ കൂടുതല്‍ തടവുകാര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് കോവിഡ് പരിശോധന നടത്തിയത്. പരിശോധനയില്‍ 239 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. രോഗം ബാധിക്കാത്തവരും നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും എന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
പൂജപ്പുര ജയിലില്‍ കോവിഡ് വ്യാപിച്ച സാഹചര്യത്തില്‍ മറ്റ് ജയിലുകളിലും പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജയിലുകളില്‍ പ്രത്യേക വൈദ്യ സംഘത്തെ നിയോഗിക്കണമെന്നും അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 41,668 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,438 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Discussion about this post