പത്മശ്രീ പുരസ്കാരത്തിന് അർഹയായ മലപ്പുറത്തെ പ്രമുഖ സാമൂഹിക പ്രവര്‍ത്തക കെ ബി റാബിയയെ അഭിനന്ദിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സാമൂഹിക പ്രവർത്തകയായ കെ ബി റാബിയയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
”അഭിനന്ദനങൾ റാബിയ…
റാബിയ ചലിക്കുന്നു”
എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
പത്മശ്രീ പുരസ്കാരം ലഭിച്ച കെ ബി റാബിയയെ പറ്റി ആദ്യം ഡോക്യുമെൻ്ററി എടുത്തത് രാമസിംഹൻ ആണ്. 1996-ൽ ചിത്രീകരിച്ച ”റാബിയ ചലിക്കുന്നു” എന്ന പേരുള്ള ഡോക്യുമെൻ്ററിക്ക് അനേകം പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.
1996-ൽ ഏറ്റവും നല്ല പ്രചോദനാത്മകമായ വാർത്താ ചിത്രത്തിനുള്ള 44-ാം മത് ദേശീയ പുരസ്കാരം നേടിയത് രാമസിംഹൻ സംവിധാനം ചെയ്ത ” റാബിയ ചലിയ്ക്കുന്നു” എന്ന ഡോക്യുമെൻ്ററിക്ക് ആയിരുന്നു.
അംഗപരിമിതികളെ മറികടന്ന് 1990-ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ട മലപ്പുറ ജില്ലയിലെ തിരൂരങ്ങാടിക്കടുത്തുള്ള വെള്ളിലക്കട് സ്വദേശിനിയാണ് കെ.വി റാബിയ എന്ന കറിവേപ്പിൽ റാബിയ. കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകൾക്ക് വൈകല്യം സംഭവിച്ചു. നിലവിൽ അംഗപരിമിതിയുള്ള വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തുകയാണ്.
പോളിയോ പിടിപെട്ട് ചലനശേഷി നഷ്ടപ്പെട്ടു എങ്കിലും തന്നാൽ കഴിയും വിധം സ്വന്തമായി പഠിച്ച് വിദ്യാഭ്യാസം നേടി. ചുറ്റുമുള്ളവരെ സൗജന്യമായി പഠിപ്പിച്ചു. അക്ഷരമറിയാത്ത ഗ്രാമവാസികളെ സാക്ഷരരാക്കാൻ സന്നദ്ധ പ്രവർത്തനം നടത്തി.
Discussion about this post