ഡല്‍ഹി: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗര പൊലീസ് പട്രോളിങ് ശക്തമാക്കുകയും രാജ്യതലസ്ഥാനത്തെ അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തു. രഹസ്യാന്വേഷണ ഏജന്‍സികളുടെ ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടികള്‍.
27,000 പോലീസുകാരെ സുരക്ഷാ ചുതലകള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വിന്യസിച്ച പോലീസ് ഉദ്യോഗസ്ഥരില്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും ഉള്‍പ്പെടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സായുധ പോലീസ് സേനാംഗങ്ങളെയും കമാന്‍ഡോകളെയും കേന്ദ്ര സായുധ പോലീസ് സേനയിലെ (സിഎപിഎഫ്) ഓഫീസര്‍മാരെയും ജവാന്മാരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
മുഖം തിരിച്ചറിയല്‍ സോഫ്റ്റ്വെയറും ഘടിപ്പിച്ച സിസിടിവികളും ആന്റി ഡ്രോണ്‍ ഉപകരണങ്ങളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തിക്രി, സിംഗു, ഗാസിപൂര്‍ എന്നിവയുള്‍പ്പെടെ ഡല്‍ഹിയുടെ എല്ലാ പ്രധാന അതിര്‍ത്തി മേഖലകളും അടച്ചു. അധിക പിക്കറ്റുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും അതിര്‍ത്തി പോയിന്റുകളില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജനുവരി 26 ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടറുകളില്‍ ഡല്‍ഹിയില്‍ പ്രവേശിച്ച് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. അതിനാല്‍ വാണിജ്യ വാഹനങ്ങളൊന്നും രാജ്യതലസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. അനുവദനീയമായ വാഹനങ്ങളും അവശ്യ സര്‍വീസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കുവെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
Discussion about this post